Pages

മരണത്തിന്‍റെ നൂല്‍പ്പാലം
ജീവിതത്തിനും മരണത്തിനും ഇടയിലെ നിമിഷങ്ങള്‍ മനസ്സ് എങ്ങനെ ആണെന്ന ഇത് വരെ കേട്ടിട്ട് പോലും ഇല്ലായിരുന്നു. അത് അനുഭവിച്ച് അറിയാനുള്ള മഹാഭാഗ്യം കിട്ടി. മരിക്കാന്‍ പോകുന്ന നിമിഷം ഒരാളുടെ ചിന്തകള്‍ എങ്ങനെ ആവുമെന്നൊക്കെ ഒന്നറിഞ്ഞു. അതിനര്‍ത്ഥം ഞാന്‍ ആത്മഹത്യക്ക് ശ്രമിച്ചു എന്നിട്ട് ആ ശ്രമം പരാജയം ആയി എന്നൊന്നുമല്ല കേട്ടോ. :P


മൈഗ്രേന്‍ എന്ന് ഇംഗ്ലീഷിലും കൊടിഞ്ഞി എന്ന് നമ്മുടെ മലയാളത്തിലും അറിയപ്പെടുന്ന ഒരു തലവേദന. ചെറുതോ വലുതോ എന്ന് പറയുന്നില്ല.

അനുഭവിക്കുന്നവര്‍ക്കെ അതിന്‍റെ വേദന അറിയൂ. കുറച്ചു കാലം കൊണ്ട് എനിക്കും ഈ അസുഖത്തിന്‍റെ ശല്യം ഉണ്ട്. പിന്നെ മറ്റു പല കാരണങ്ങള്‍ കൊണ്ടും തല വേദന.
ഓഫീസില്‍ സുഖിച്ചിരിക്കെ ഇടക്കൊന്നു തല വേദന കൂടി. തല കറങ്ങുകയും ചെയ്തു. പാവം എന്‍റെ വേദന കണ്ട സഹപ്രവര്‍ത്തകര്‍ ഈ ഉള്ളവളെ നേരെ കൊണ്ട് പോയത് കേരളത്തിലെ അറിയപ്പെടുന്ന ഒരു മള്‍ട്ടി സ്പെഷ്യാലിട്ടി ഹോസ്പിറ്റലില്‍. പിന്നെ പറയണോ ബാക്കി വിശേഷം???
                         നേരെ പോയത് കാഷ്വാലിറ്റിയിലേക്ക്. അവിടെ കിടന്നവരില്‍ അസുഖം ഒന്നും കാര്യമായി ഇല്ലാത്തത് എനിക്ക് മാത്രം. ചുറ്റുപാടും ഒന്ന് വീക്ഷിച്ചു. കൊള്ളാം. തരക്കേടില്ലാത്ത അന്തരീക്ഷം. ആശുപത്രിയുടേതായ ഒരു വൃത്തികെട്ട മണവും ഇല്ല.
രോഗിയുടെ കൂടെ ഒരാളെ മാത്രമേ കയറ്റു. എന്നെ പരിചരിക്കാനുള്ള മഹാ ഭാഗ്യം കിട്ടിയത് എന്‍റെ പ്രിയ സുഹൃത്ത്‌ അര്‍ച്ചനയ്ക്ക്. അന്ന് കൂടെ വന്നതില്‍ അവള്‍ ഇന്ന് ഖേദിക്കുന്നു എന്ന് ഇടക്ക് പറയുന്നു. എന്താണോ എന്തോ????!!
( വേദന കൂടിയപ്പോള്‍ അവളുടെ കയ്യില്‍ മുറുകെ പിടിച്ചു, അങ്ങനെ അവളുടെ കൈ മുറിഞ്ഞു ,ഞാന്‍ ഒരുപാട് ഉറക്കെ കരഞ്ഞു, വേദന കൊണ്ടുള്ള എന്‍റെ കരച്ചില്‍ കണ്ടു അവള്‍ക്കും കരച്ചില്‍ വന്നു എന്നൊക്കെ പറയുന്നു. പക്ഷെ ഞാന്‍ ഇതൊന്നും വിശ്വസിക്കുന്നില്ല. ഞാന്‍ കരയാനോ? ഏയ്,,, ഒരിക്കലും ഇല്ല. അസംഭവ്യം!!! )
                                             കേറിയ ഉടനെ തന്നെ കിട്ടി നല്ല ഒരു ബെഡ്, കേറി സുഖം ആയിട്ടു കിടന്നു. എത്ര നേരം ഓഫീസിലെ എ.സി. യില്‍ ഇരുന്നു ക്ഷീണിച്ചു വന്നതാ. എന്‍റെ കട്ടിലില്‍ കിടന്നാല്‍ നേരെ കാണുന്നത് ഒരു അപ്പൂപ്പനെ. പാവം അദ്ധേഹത്തെ കണ്ടപ്പോള്‍ 3 Idiots ഫിലിമിലെ ആസ്മ രോഗിയായ അച്ഛനെ ഓര്‍മ്മ വന്നു. ചിരിയും കരച്ചിലും ഒക്കെ ഒരുമിച് വരുന്ന അസുലഭ നിമിഷം. )
പക്ഷെ ഈ സുഖങ്ങള്‍ ഒന്നും അധിക നേരം നീണ്ടു നിന്നില്ല.
പൊതുവേ എന്ത് അസുഖം വന്നാലും ഞാന്‍ ആശുപത്രിയില്‍ പോകാറില്ല. കാരണം മറ്റൊന്നുമല്ല ഇന്‍ജെക്ഷന്‍ തന്നെ വില്ലന്‍. ഒട്ടും വേദനിക്കില്ല. ഉറുമ്പ്‌ കടിക്കുന്ന വേദനയെ ഒള്ളു. എന്നാലും ചെറുപ്പം തൊട്ടേ ഒരു “ഇത്”. പേടി അല്ല. എന്നാലും ഒരു “ഇത്”.
ദാ വരുന്നു ഒരു നേഴ്സ്. ഞാന്‍ സൂക്ഷിച്ചു നോക്കി. ഞാന്‍ കണ്ടു. അവരുടെ കയ്യില്‍ ഒരു ട്രേ. അതില്‍ സൂചി. ഇത് അത് തന്നെ. എന്നെ കുത്താന്‍ ഉള്ളതാണ്.
   ദൈവമേ.. കഴിഞ്ഞു. എന്‍റെ കാര്യം കഴിഞ്ഞു. പേടി കൊണ്ട് ( സത്യം അതാണെങ്കിലും ഞാന്‍ സമ്മതിക്കില്ല!!! ) തണുത്തു മരവിച്ച എന്‍റെ കയ്യില്‍ അവര്‍ തടവി. ഒപ്പം ആശ്വാസ വാക്കും.
വേദനിക്കില്ല. ബലം പിടിക്കാതെ കിടന്നാല്‍ മതി. ഒരു ഇന്‍ജെക്ഷനു ഒക്കെ എന്താ ഇത്ര പേടിക്കാന്‍. ഇത്ര വലുതായില്ലേ?
തൂക്കു മരത്തിനു മുമ്പില്‍ നിക്കുന്ന കൊലയാളിക്കും കാണുമല്ലോ ആശ്വാസ വാക്ക്.!! ( കടപ്പാട് :കെ.ആര്‍. മീരയുടെ ആരാച്ചാര്‍ നോവല്‍)
ആശ്വാസ വാക്ക് പറഞ്ഞു പ്രലോഭിപ്പിച്ചിട്ടു ദാ അവര്‍ ഒരു മയവും ഇല്ലാതെ കുത്തി..
അയ്യോ!!!!
        എന്‍റെ നിലവിളിക്ക് ഇത്ര ശബ്ദമോ? അര്‍ച്ചന ഒന്ന് അമ്പരന്നത് പോലെ. ചുറ്റും ഉള്ളവര്‍ എന്നെ നോക്കുന്നത് പോലെ തോന്നുന്നു. ആരൊക്കെയോ ചിരിക്കുന്നു. എന്താ മനുഷ്യര്‍ ഇങ്ങനെ? ഒരു ആശുപത്രിയിലെ കാഷ്വാലിറ്റിയില്‍ നിന്നാണോ ചിരിക്കുന്നത്?? ഞാന്‍ ഒന്നും ചെയ്തില്ലെന്ന മട്ടില്‍ ഞാന്‍ കിടന്നു.
മയമില്ലാതെ കുത്തിവെച്ച നേഴ്സ് അടുത്ത ഡയലോഗ് :
ഇന്‍ജെക്ഷന്‍ ചെയ്‌താല്‍ പെട്ടെന്ന് വേദന മാറും. പിന്നെ തല വേദനയുടെ പേരില്‍ കരയണ്ടല്ലോ?
                 ഒപ്പം കുശലാന്വേഷണവും. എന്തൊക്കെ പറഞ്ഞാല്‍ എന്താ കുത്തിയ വേദന മാറുവോ? കുത്തി വെച്ച കയ്യില്‍ ഞാന്‍ ഏറു കണ്ണിട്ടു നോക്കി. നേരെ നോക്കിയാല്‍ ചിലപ്പോള്‍ വീണ്ടും വേദനിച്ചാലോ?? ഉണ്ട് ഇപ്പോഴും വലതു കയ്യില്‍ വേദന ഉണ്ട്. അത് മറക്കാന്‍ ഞാന്‍ ശ്രമിച്ചു. ഒരു വിധം സക്സെസ്സ്. ഹാവൂ ആശ്വാസം. ഇന്‍ജെക്ഷന്‍റെ വേദന മറന്നിരിക്കുന്നു.
ഈ ആശ്വാസത്തിനും ആയുസ്സ് കുറവ്. വീണ്ടും തല വേദനിക്കുന്നു.വേദന കൂടി വരുന്നു. കണ്ണില്‍ ഇരുട്ട് കേറുന്ന പോലെ. തലക്ക് അകത്തെ ഞരമ്പുകള്‍ ആരോ വലിച്ചു മുറുക്കുന്നു. തലക്കകത്ത് നിന്ന് ചോര ഒഴുകുന്നോ? തൊണ്ട വരളുന്നത്‌ പോലെ. ശ്വാസം മുട്ടുന്നുണ്ട്. 

                                    വീണ്ടും അര്‍ച്ചനയുടെ കയ്യില്‍ മുറുകെ പിടിച്ചു. മുറുകെ പിടിച്ചാല്‍ തലക്ക് അനുഭവപ്പെടുന്ന ഈ വേദന കുറയുമാരുന്നു. പക്ഷെ പിടിത്തം കിട്ടുന്നില്ല. കയ്യുടെ ബലം പോയെന്നു തോന്നുന്നു. എന്‍റെ കാലുകള്‍ കുഴയുന്നു. ശരീരത്തിന്‍റെ ഭാരം അറിയാനില്ല. ജീവന്‍ എന്‍റെ ശരീരം വിട്ടു പോവുകയാണോ? ഒന്ന് കരയാന്‍ പോലും പറ്റുന്നില്ലെന്നു മനസ്സിലായി.
                              ഈ മള്‍ട്ടി സ്പെഷ്യാലിറ്റിയില്‍ തീരാന്‍ പോവുകയാണോ എന്‍റെ ജീവിതം? എന്‍റെ സ്വപ്‌നങ്ങള്‍ ഇവിടെ കുഴിച്ചു മൂടേണ്ടി വരുവോ? ഒരിക്കലും നടക്കാന്‍ ഇടയില്ലെങ്കിലും ഒരുപാട് നാളുകൊണ്ട് മനസ്സില്‍ കൊണ്ട് നടക്കുന്നതാ ഒരു ഓള്‍ ഇന്ത്യ ടൂര്‍. അതും ട്രെയിനില്‍. പിന്നെ കൂട്ടുകാരുടെ ഒപ്പം എറണാകുളത്ത് ഒരു ദിവസം മുഴുവന്‍ കറങ്ങി നടക്കണം. മനസ്സിലുള്ള ആഗ്രഹങ്ങളും സ്വപ്നങ്ങളും ഒക്കെ കുത്തി കുറിച്ച് വായിക്കുന്നവരെ വട്ടാക്കണം. അങ്ങനെ കേള്‍ക്കുന്നവര്‍ക്ക് ഭ്രാന്തെന്നു തോന്നുന്ന എന്‍റെ ‘അമൂല്യ’ സ്വപ്‌നങ്ങള്‍ ഇവിടെ തീരുമോ??? പടച്ചവനെ അതിനുള്ള ഇട വരുത്തരുതേ എന്നു പ്രാര്‍ഥിക്കാന്‍ ആഗ്രഹമുണ്ട്. പക്ഷെ മനസ്സിലേക്ക് നൂറു ചിന്തകള്‍..
ഞാന്‍ മരിച്ചാല്‍ എന്‍റെ പപ്പായും ഉമ്മായും വീട്ടുകാരും…. ??? അത് പിന്നീടുള്ള കാര്യം.
ഞാന്‍ മരിച്ചാല്‍ എന്‍റെ മുറിയിലുള്ള സാധന സാമഗ്രികള്‍ ആര് ഉപയോഗിക്കും????!!! വിലപ്പെട്ടതായി ഞാന്‍ വെച്ചിരിക്കുന്ന പലതും ആരെങ്കിലും ഒക്കെ എടുത്തു നശിപ്പിക്കുവോ??? റബ്ബേ ആലോചിക്കാന്‍ വയ്യ.. ജീവിച്ചിരിക്കുമ്പോ ഞാന്‍ പ്രവേശനം നിഷേധിച്ചവര്‍ എന്‍റെ മുറിയില്‍ കയറി നിരങ്ങുമോ?

                             മരിച്ചു സ്വര്‍ഗത്തിലോ നരകത്തിലോ എത്തുമായിരിക്കും. എന്നാലും ഞാന്‍ ഉപേക്ഷിച്ചു പോയതൊക്കെ മറ്റുള്ളവര്‍ എടുക്കുന്നത് അവിടെ ഞാന്‍ എങ്ങനെ മനസ്സമാധാനത്തോടെ കണ്ടിരിക്കും?? എങ്ങനെ പ്രതികരിക്കും ഞാന്‍?? ഒരെത്തും പിടിയും കിട്ടുന്നില്ല. ആരെയെങ്കിലും ഉടമസ്ഥാവകാശം എല്പ്പിക്കണോ? പക്ഷെ ആരെ? ഇപ്പൊ അതിനുള്ള സമയം കിട്ടുമോ? ഇതൊക്കെ ആലോചിച്ചപ്പോള്‍ വീണ്ടും കണ്ണില്‍ ഇരുട്ട്.. 
വേദന കൂടുന്നോ കുറയുന്നോ? ഒന്നും അറിയാനില്ല. അയ്യോ മരിച്ചു പോയോ ഞാന്‍? ചുറ്റും നടക്കുന്നതൊന്നും അറിയുന്നില്ല. ഞാന്‍ മരിച്ചതില്‍ ആരൊക്കെ കരയുന്നുണ്ടാവും? ആരുടേയും മുഖം കാണുന്നില്ല. ഞാന്‍ ഇപ്പൊ എന്ത് ചെയ്യുകയാ? അതും അറിയാനില്ല.

പെട്ടെന്ന് ചുറ്റും ആരുടെ ഒക്കെയോ ശബ്ദം കേള്‍ക്കുന്നു. ഹാവൂ ആശ്വാസം.കണ്ണ് തുറന്നു ചുറ്റും ഒന്ന് നോക്കി കൂടെ നില്‍ക്കുന്ന അര്‍ച്ചനയെ കാണാം. മരിച്ചില്ലാരുന്നോ?
ശ്ശെ!!! ബോധം പോയതാരുന്നു. ഇന്‍ജെക്ഷന്‍ ചെയ്തതിന്‍റെ ഹാങ്ങ്‌ ഓവര്‍. വെറുതെ തെറ്റിദ്ധരിച്ചു. കുറച്ചു സമയം കൊണ്ട് ഈ മനസ്സ് എവിടെയൊക്കെ പറന്നു പോയി. ഭാഗ്യം പോയിട്ട് തിരിച്ചു വന്നല്ലോ. ആലോചിച്ചു കൂട്ടിയതോന്നും ആരും അറിഞ്ഞിട്ടില്ല.അല്ലെങ്കില്‍ മാനം പോയേനെ.

മനസ്സ് ഒന്ന് പാറി നടന്നതിന്‍റെ ബില്ല് കണ്ടു വീണ്ടും ബോധം പോയോ? ഏയ് ഇല്ല. കണ്ണ് തുറന്നു തന്നെ ഇരിക്കുകയാ. ( ഹാ എന്തും ആവട്ടെ. കാശ് മുടക്കിയാല്‍ എന്താ ഇപ്പൊ ഇങ്ങനെ ഇതെഴുതാന്‍ പറ്റിയല്ലോ. )
                    ഇനി എത്രയും വേഗം ഇവിടം വിട്ടു പുറത്തിറങ്ങണം. എത്രയും വേഗം ഈ അന്തരീക്ഷത്തില്‍ നിന്ന് പുറത്തു ചാടണം. അല്ലെങ്കില്‍ ഒരു പക്ഷെ മനസ്സ് ഇനിയും എവിടെയെങ്കിലും പറന്നു പോയി വല്ല മണ്ടത്തരങ്ങളും ചിന്തിച്ചു കൂട്ടിയാലോ???
                   ഓടി ഇറങ്ങി. ഇനി സമാധാനമായി വീട്ടിലേക്ക്.!!!! :)

2 comments:

 1. ഹോ കഷ്ടം! മൂക്കില്‍ വെക്കാന്‍ പഞ്ഞി വാങ്ങാന്‍ ഞാന്‍ ആളെ വിട്ടതായിരുന്നു സാരമില്ല ഇനി അവനെ തിരികെ വിളിക്കാം..

  നന്നായിട്ടുണ്ട് കേട്ടോ ഇനിയും എഴുതുക... ഭാവുകങ്ങള്‍!

  ReplyDelete
  Replies
  1. @Manef Bhaai aadyamayi nanni und ketto.
   pinne ithra pettennu panjikk vittathe ollo? santhookkinu paranju kaathirikkum enna njan karuthiyath.

   Delete