Pages

മറന്നു പോയൊരു മുഖം


                                               ഒരു നേര്‍ത്ത മഴയുടെ താളത്തിനൊപ്പമാണ് അവളെന്റെ ജീവിതത്തിലേക്ക് കടന്നു വന്നത്. ഒരുപാട് ചിരിക്കുകയും കുറച്ചു മാത്രം സംസാരിക്കുകയും  ചെയ്യുന്ന പ്രകൃതം.ആദ്യം അവള്‍ എനിക്കൊരു സുഹൃത്ത് മാത്രമായിരുന്നു . പിന്നീട് എന്തും തുറന്നു പറയാന്‍ പറ്റുന്നൊരു കൂട്ടുകാരിയും ഒരു  കൂടപ്പിറപ്പും . മനസ്സില്‍ എന്ത് സങ്കടം വന്നാലും ഞാന്‍ അവളുടെ മടിയില്‍ തല വെച്ച് കിടക്കും. ചിലപ്പോഴൊക്കെ അവള്‍ ഒരമ്മയുടെ കരുതലും ലാളനയോടും കൂടി എന്റെ മുടിയില്‍ തലോടും. മറ്റു ചിലപ്പോ എന്ത് കുരുത്തക്കേടും കാണിക്കാന്‍ മുന്നില്‍ നിന്നു നയിക്കും. കോളേജ് ജീവിതത്തില്‍ എനിക്ക് കിട്ടിയ ഏറ്റവും വിലപിടിച്ച സമ്പാദ്യം ആയിരുന്നു അവള്‍.

ഒരു ദിവസം ഞാനവളുടെ മടിയില്‍ കിടക്കുകയായിരുന്നു. അവള്‍ : 

"മൃണാള്‍ ഒരു ഗവേഷകയാണ്
പീറ്റര്‍ വാനെന്ന തത്വചിന്തകന്റെയും 
നളിനീദേവിയെന്ന ചിത്രകാരിയുടെയും 
സമ്മോഹന താളമായിത്തീര്‍ന്ന പാരിസ്ഥിതിക"

എനികായി അവകാശപ്പെടാന്‍ ഒരു സമ്മോഹന താളമില്ല
ഞാനെന്ന നദിക്ക് ഉറവിടമില്ല 

ഇടയ്ക്കൊക്കെ അവള്‍ ഇങ്ങനെയാണ്. ചില ബുജികളെ പോലെ കവിത എന്ന് തോന്നുന്ന എന്തൊക്കെയോ പറയും. കേള്‍വിക്കാരുടെ പ്രതികരണം ശ്രദ്ധിക്കാറില്ല. ഒരു ബന്ധവുമില്ലാത്ത കവിതകളും തത്വചിന്തകളും കൂട്ടിച്ചേര്‍ത്ത്  എന്തൊക്കെയോ പറയും. ഇടക്കൊക്കെ ഞാനവളെ കളിയാക്കും. ചിലപ്പോ തമാശ പോലെ ചെവി പൊത്തി ഇരിക്കും.

പക്ഷെ ഇത് പറയുമ്പോ അവളുടെ കണ്ണ് നിറയുന്നുണ്ടാരുന്നു. അത് കൊണ്ട് തന്നെ ഞാന്‍ കളിയാക്കിയില്ല. അവള്‍ ബാക്കി പറയാന്‍ വേണ്ടി ഞാന്‍ മിണ്ടാതെ എണീറ്റിരുന്നു .

"എന്റെ പപ്പയും അമ്മിയും എന്നെ ദത്തെടുത്തതാ. എവിടെ നിന്നെന്നൊന്നും അറിയില്ല. പക്ഷെ എനിക്കൊരു കുറവും വരുത്തിയിട്ടില്ല. ചേച്ചിയേം ആര്യേം കാണുന്ന പോലെ തന്നെയാ എന്നെയും. ഞങ്ങളുടെ ഇടയില്‍ ഒട്ടും വ്യത്യാസം കാണിച്ചിട്ടില്ല."

"പക്ഷെ ആ സ്നേഹവും കരുതലും ഒന്നും ബന്ധുക്കള്‍ കാണി ല്ലല്ലോ. അവരുടെ ഒക്കെ കണ്ണില്‍ പപ്പയും അമ്മിയും ചെയ്തത് എന്തോ വല്യ തെറ്റല്ലേ. കോളേജില്‍ തന്നെ ആരോടെങ്കിലും മനസ്സ് തുറന്നു മിണ്ടാന്‍ പേടിയാ. അനാഥയാണെന്ന് അറിഞ്ഞാല്‍ ചിലപ്പോ എല്ലാര്‍ക്കും ഒരു സിമ്പതി ആവും. നമ്മുടെ സമൂഹത്തില്‍ ഇപ്പോഴും ഇതൊക്കെ അംഗീകരിക്കാന്‍ മേജോറിറ്റിക്കും മടിയാണ്. "


കുറച്ച നേരത്തേക്ക് അവളൊന്നും മിണ്ടിയില്ല. അവളുടെ കണ്ണില്‍ ആരോടൊക്കെയോ ഉള്ള വെറുപ്പും ദേഷ്യവും സങ്കടവും ഒക്കെ നിറഞ്ഞു കണ്ണീരായി ഒഴുകുന്നുണ്ടായിരുന്നു.

"ചിലപ്പോ തോന്നും ഏതേലും ഓര്‍ഫനേജില്‍ തന്നെ വളര്‍ന്നാ മതിയാരുന്നെന്നു. പപ്പയും അമ്മിയും കരുതിയിട്ടുണ്ടാവില്ല ബന്ധുക്കള്‍ എന്നോട് ഇത്രയധികം വെറുപ്പ് കാണിക്കുമെന്നു. ഞാന്‍ നോക്കി നില്‍ക്കെ ചേച്ചിയേം ആര്യേം സ്നേഹിക്കുകയും എന്നെ ഒരു രണ്ടാം തരക്കാരിയെപ്പോലെ കാണുകയും കുത്ത് വാക്ക് പറയുകയും ചെയ്യുമ്പോ പിടിച്ച് നില്‍ക്കാന്‍ പറ്റില്ല. "

"പപ്പയു അമ്മിയും എന്നെ സ്നേഹിക്കുന്നുണ്ടല്ലോ അത് മാത്രം മതി എന്നൊക്കെ ചിലപ്പോ കരുതും. അങ്ങനെ സമാധാനിക്കാന്‍ അല്ലെ പറ്റു. പക്ഷെ എപ്പോഴുമുള്ള അവഗണന താങ്ങാന്‍ പറ്റുന്നില്ല. "


പിന്നെയും അവള്‍ക്ക് എന്തൊക്കെയോ പറയണമെന്നുണ്ടാരുന്നു .പക്ഷെ  അവളൊന്നും മിണ്ടിയില്ല. അവളെ സമാധാനിപ്പിക്കാനോ ആശ്വസിപ്പിക്കാനോ എനിക്കും വാക്കുകള്‍ ഇല്ലായിരുന്നു. അവളെ ഒന്ന് കെട്ടിപ്പിടിക്കുക മാത്രമേ ഞാന്‍ ചെയ്തൊള്ളൂ. അപ്പോഴും അവള്‍ കരഞ്ഞു കൊണ്ടിരുന്നു. ഒരുപാട് നാള് കൊണ്ട് മനസ്സില്‍ കൊണ്ട് നടന്ന ഭാരം മുഴുവന്‍ അവള്‍ കരഞ്ഞു തീര്‍ക്കട്ടെ എന്ന് ഞാനും കരുതി. കണ്ണീരില്‍ കുതിര്‍ന്നു ആ രാത്രി അങ്ങനെ തീര്‍ന്നു. പിന്നീടൊരിക്കലും ഞങ്ങള്‍ ഇതിനെ പറ്റി സംസാരിച്ചിട്ടില്ല. അവളെ വേദനിപ്പിക്കെണ്ടെന്നു കരുതി ഞാന്‍ ഒന്നും ചോദിച്ചിട്ടില്ല. 

ഹോസ്റ്റലില്‍ നിന്ന് മടങ്ങിയത്തില്‍ പിന്നെ വല്ലപ്പോഴും അയക്കുന്ന മെസ്സേജുകളില്‍ മാത്രം ഒതുങ്ങി ഞങ്ങളുടെ സൗഹൃദം. പഠിത്തം കഴിഞ്ഞു ജോലി, കല്യാണം അങ്ങനെ എന്റേതായ ജീവിതത്തിലേക്ക് ഞാന്‍ അലിഞ്ഞു ചേര്‍ന്നു. ഇതിനിടക്ക് വല്ലപ്പോഴും ഫേസ്ബുക്കില്‍ കൂടെ പഠിച്ച ആരെയെങ്കിലും കാണും ഒരു ഹായ് ബൈ അതില്‍ തീരും സംസാരവും. കൂടെ പഠിച്ച എല്ലാവരെയും ഓര്‍ക്കാന്‍ എവിടെ സമയം? പുതിയ ബന്ധങ്ങള്‍, പുതിയ കൂട്ടുകാര്‍ അങ്ങനെ മൊത്തത്തില്‍ പുതിയൊരു ജീവിതവും ഞാനും. ഈ ഗെറ്റ് ടുഗെതര്‍ ഒക്കെ ഫേസ്ബുക്കില്‍ ഫോട്ടോ ഇടാന്‍ വേണ്ടി മാത്രം നടത്തുന്നതല്ലേ. എന്നും ഓരോ പുത്തന്‍ പോസ്റ്റുകള്‍ വേണം, അതിനു വേണ്ടി ഒരു ഗെറ്റ് ടുഗെതര്‍. 

കഴിഞ്ഞ ആഴ്ച കൂട്ടുകാരില്‍ ഒരാള്‍ മെസ്സേജ് അയച്ചു അവള്‍ മരിച്ചെന്നു. എത്ര ലാഘവത്തോടെയാ അവനത് പറഞ്ഞത്.  അവന്‍ പിന്നെയും എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു, ഞാന്‍ ഒന്നും കേട്ടില്ല. എങ്ങനെയാണെന്നോ എപ്പോഴായിരുന്നു എന്നോ ഒന്നും തിരക്കാനും  തോന്നിയില്ല. അവസാനാമായി ഒന്ന് കാണാന്‍ കൂട്ടുകാര്‍ എല്ലാം പോകുന്നുണ്ടെന്ന് പിന്നീട് ആരോ വിളിച്ചു പറഞ്ഞു . ഞാന്‍ അതിനും ശ്രമിച്ചില്ല. 

ഇടക്കെപ്പോഴൊക്കെയോ അവളെ മറന്നെന്ന കുറ്റബോധം. പിന്നെ മനസ്സില്‍ അവളുടെ ഒരു മുഖമുണ്ട്. അവളുടെ ചിരിക്കൊപ്പം തിളങ്ങുന്ന കണ്ണുകളും , മുഖത്തേക്ക് വീഴുന്ന മുടി ചെവിക്ക് പുറകിലേക്ക് ഒതുക്കി വെച്ച് കൊണ്ടുള്ള ഒരു നോട്ടവും. പിന്നെ തുലാമഴ പാതാളം വരെ തണുപ്പിക്കുമാറു ഭൂമിയിലേക്ക് പെയ്തിറങ്ങുമ്പോള്‍ മാത്രം  അവള്‍ പാടി കേള്‍പ്പിക്കാറുള്ള  കവിതകളും. അത് മാത്രം മതി അവളെ എന്നും ഓര്‍ക്കാന്‍.  അവളോടൊപ്പം പങ്കിട്ട സൗഹൃദവുമുണ്ട് മനസ്സില്‍ സൂക്ഷിക്കാന്‍.

വിളക്കുകള്‍ അനുരാഗ നയനേ നിന്‍ അനുവാദം കൊതിച്ചു 
ഞാന്‍ അലയുന്ന വഴികള്‍ നീ അറിയുന്നില്ലേ 
നിനക്കായി കൊളുത്തുമെന്‍ അനുരാഗ വിളക്കുകള്‍
 കിഴക്ക് പൊന്നുഷസ്സായി വന്നുദിക്കുകില്ലേ 

പെയ്തൊഴിയാത്ത മഴ

                                                       ഇടവപ്പാതിയിലെ   ആര്‍ത്തുലച്ച് പെയ്യുന്ന മഴയില്‍ കണ്ണും നട്ടിരുന്നു സ്വപ്നം കാണാന്‍ എനിക്കൊരു ഹരമാണ്. എന്റെ സിരകളില്‍ ഒരു സാഹിത്യകാരന്റെയോ ഒരു കലകാരിയുടെയോ രക്തമൊന്നും ഒഴുകുന്നില്ല. എന്നിട്ടും വെറുതെ സ്വപ്‌നങ്ങള്‍ നെയ്തു കൂട്ടും. മഴയും നനുത്ത കാറ്റും ട്രെയിന്‍ യാത്രകല്‍ക്കിടയില്‍ ആണെങ്കില്‍ എന്നിലെ കവി ഭാവന ചിറകു വിടര്‍ത്തും.

യാത്രകള്‍ എനിക്കൊരു ലഹരിയാണ്. ആ ലഹരി നുണയാന്‍ വേണ്ടിയാണ് ഹോസ്റ്റല്‍ ജീവിതം മതിയാക്കി തിരുവനന്തപുരം വരെ ജോലിക്ക് എന്നും പോയി വരാന്‍ തീരുമാനിച്ചത്. മൊത്തം 4 മണിക്കൂര്‍ യാത്ര. അതില്‍ 3 മണിക്കൂര്‍ ട്രെയിനില്‍. കേള്‍ക്കുന്നവര്‍ക്ക് അതിശയവും ആശങ്കയും. പക്ഷെ ഞാന്‍ എന്‍റെ  സ്വപ്നങ്ങള്‍ക്ക് പിന്നാലെ തന്നെ.

ഓരോ ദിവസം പല പല യാത്രക്കാര്‍. കുറച്ച ദിവസങ്ങള്‍ക്ക് ശേഷം പല മുഖങ്ങളും പരിചിതമായി. ആരോടും സംസാരിക്കാന്‍ നിന്നില്ല. സൗഹൃദങ്ങള്‍ ഒരു പുഞ്ചിരിയില്‍ ഒതുക്കും. വൈകിട്ട് തിരിച്ചു പോകുന്നതാണ് ഞാന്‍ ഒരുപാട് ആസ്വദിച്ചത്, സര്‍ക്കാര്‍ ജീവനക്കാര്‍, വിദ്യാര്‍ത്ഥികള്‍, ടെക്നോ പാര്‍ക്ക്‌ പ്രൊഫഷണല്‍സ് അങ്ങനെ എനിക്ക് ചുറ്റും പല പല മുഘങ്ങള്‍, പല പല ഭാവങ്ങള്‍. 

സന്ധ്യ സമയത്ത് ട്രെയിനില്‍ തനിച്ചിരിക്കുന്ന എന്നെ പലരും ശ്രദ്ധിക്കാറുണ്ട്. അവരുടെ നോട്ടങ്ങള്‍ ഞാനും കാണാറുണ്ട്. എന്റെ സുരക്ഷിതത്വത്തെ കുറിച്ചു ഞാന്‍ കുറച്ചൊക്കെ ബോധവതിയാണ്. ചിലരുടെ നോട്ടം കാണുമ്പോള്‍ തന്നെ ഞാന്‍ എന്റെ ഷാള്‍ ഒക്കെ നേരെ പിടിച്ചിടും ഒരു സേഫ്ടിക്ക്. കഴിവതും ശരീരം മറച്ചു ഒതുങ്ങിയിരിക്കും. അഥവാ എന്തെങ്കിലും സംഭവിച്ചാല്‍ തന്നെ പ്രലോഭിപ്പിക്കുന്ന തരത്തില്‍ വസ്ത്രം ധരിച്ചിട്ടാണെന്ന് ആരും പറയരുതല്ലോ. ആളുകള്‍ക്ക് പറയാന്‍ എന്‍റെ  ചുരിധാറിന്‍റെ ഇറക്കം കുറഞ്ഞതോ അല്പം ഷേപ്പ് ചെയ്തതോ ഒക്കെ മതിയാവുമല്ലോ. ഈ അസമയത്ത് ഒറ്റയ്ക്ക് യാത്ര ചെയ്തിട്ടാണെന്ന് കുറ്റപ്പെടുത്താനും ആളുണ്ടാവും.

                                                     ഇത്തരത്തിലുള്ള ഒരായിരം ചിന്താ ശകലങ്ങള്‍ എന്‍റെ മനോ മണ്ഡലത്തില്‍ വിഹാരിക്കുമ്പോഴാണ്‌ ട്രെയിന്‍ കൊല്ലം സ്റ്റേഷന്‍ എത്തിയത്. സ്ഥിരം യാത്രക്കാര്‍ ഒരു വിധം ഇറങ്ങി. അങ്ങും ഇങ്ങുമായി വിരലില്‍ എണ്ണാവുന്ന ആളുകള്‍ മാത്രം. ഇടവപ്പാതി അല്ലെങ്കിലും മഴ പെയ്യുന്നുണ്ട്. തെറിച്ചു വീഴുന്ന മഴതുള്ളികള്‍ അസഹനീയമായപ്പോള്‍ പലരും ജനാല അടച്ചു. ഞാന്‍ മാത്രം ഇരുളിലേക്ക് കണ്ണും നട്ട് മഴത്തുള്ളികളെ പ്രണയിച്ചു.  ഇടയ്ക്കിടെ മഴയെ തൊടാന്‍ കൈകള്‍ പുറത്തേക്കിട്ടു. എന്‍റെ ഈ ഭ്രാന്തന്‍ ചേഷ്ട്ടകള്‍ കണ്ടു ഒരു മധ്യവയസ്കന്‍ എന്‍റെ എതിര്‍വശത്തിരുന്നു ചിരിക്കുന്നുണ്ട്. ആദ്യമൊക്കെ ഒരു സംശയ ധ്രിഷ്ട്ടിയോടെ ഞാന്‍ അയാളെ നോക്കിയത്. പീഡിപ്പിക്കാന്‍ വരുന്നവര്‍ ഏതു തരക്കാരും ആവാമല്ലോ. പക്ഷെ എനിക്ക് പേടി ഒന്നും തോന്നിയില്ല. 

                                                   മഴ ഉറചു പെയ്തപ്പോള്‍ മറ്റു യാത്രക്കാര്‍ക്ക് ബുധിമുട്ടാവേണ്ട എന്ന് കരുതി മനസ്സില്ല മനസ്സോടെ ഞാനും ജനാല അടച്ചു. ഇനി ചെയ്യാനുള്ളത് ഫോണില്‍ ഫേസ് ബുക്ക്‌ എടുക്കുക എന്നത് മാത്രമാണ്. അല്ലാതെ ഒന്നും ചെയ്യാനില്ല. ഞാന്‍ ഫോണില്‍ കുത്തി ഇരിക്കുന്നത് കണ്ടു അദ്ദേഹം എന്നോട് സംസാരിക്കാന്‍ തുടങ്ങി. പേരും മറ്റു വിവരങ്ങളും ഒക്കെ ചോദിച്ചു. പൊതുവേ കുറച്ചു സംസാരം കൂടുതല്‍ ആയത് കൊണ്ട് ഞാനും കത്തി വെച്ചിരുന്നു. എങ്കിലും ഇടക്കിടക്ക് ഞാന്‍ ഫേസ് ബുക്ക്‌ നോക്കുന്നുണ്ട്. ഓണ്‍ലൈന്‍ ഫ്രണ്ട്സിന്‍റെ മെസ്സേജ് ഒന്നും കാണാതെ പോകരുതല്ലോ. ഞാന്‍ ആകാംക്ഷയോടെ ഫോണ്‍ നോക്കുമ്പോ അദ്ദേഹവും എന്‍റെ ഫോണിലേക്ക് നോക്കി. പിന്നെ സംസാരം കൌമാരക്കാരുടെ മൊബൈല്‍ ഉപയോഗത്തെ കുറിച്ചായി. എന്‍റെ പപ്പായും ഉമ്മയും ഉള്‍പ്പെടുന്ന എല്ലാ മുതിര്‍ന്നവരില്‍ നിന്നും കേള്‍ക്കാറുള്ള സ്ഥിരം പല്ലവികള്‍ തന്നെ അദ്ദേഹവും പറഞ്ഞു. കുറെ ഉപദേശങ്ങളും. 

ഞാനും ഒട്ടും വിട്ടു കൊടുത്തില്ല. അറിയുന്ന രീതിയില്‍ മൊബൈലിന്‍റെ ഗുണ ഗണങ്ങള്‍ ഞാനും വിസ്തരിച്ചു. 
ഉടനെ  അദ്ദേഹം പറഞ്ഞു
 "എനിക്കൊരു മോള്‍ ഉണ്ടായിരുന്നു. നിന്‍റെ പ്രായമാണ്. കോളേജില്‍ പഠിക്കുമ്പോ ഒരു മൊബൈല്‍ വാങ്ങി കൊടുത്തു. കോളേജ് പഠിത്തം തീരുന്നതിനു മുമ്പ് അന്യ ജാതിയില്‍ പെട്ട ഒരു പയ്യന്‍റെ കൂടെ ഒളിച്ചോടിപ്പോയി. തെറ്റി വന്ന മിസ്സ്ഡ് കോള്‍ ബന്ധം ആയിരുന്നു അത്."


"നിന്നെ പോലെ തന്നെ മഴയും യാത്രയും ഒക്കെ ഒരുപാട് ഇഷ്ട്ടമായിരുന്നു. ഒരുപാട് സ്നേഹിച്ചു വളര്‍ത്തിയതാണ്. എന്നിട്ടും അവള്‍ ഞങ്ങളോടിങ്ങനെ ചെയ്തല്ലോ...!! പോയിട്ട് ഇത് വരെ ഒന്ന് തിരികെ വിളിക്കാന്‍ തോന്നിയില്ല. മടങ്ങി വന്നാല്‍ രണ്ടു കയ്യും നീട്ടി സ്വീകരിക്കാന്‍ ഞങ്ങള്‍ തയ്യാറാണ്. പക്ഷെ അവള്‍ക്കു ഞങ്ങളിപ്പോള്‍ ശത്രുക്കളാണ്."
അദ്ധേഹത്തിന്റെ കണ്ണ് നിറഞ്ഞത്‌ പോലെ തോന്നി. ഏയ് തോന്നിയതാവും. മാതാപിതാക്കളുടെ കണ്ണ് നീര്‍ ഒരിക്കലും ഞാന്‍ ഉള്‍പ്പെടുന്ന മക്കള്‍ കാണില്ലല്ലോ. 

                                                      മകള്‍ മടങ്ങി വരുമെന്ന പ്രതീക്ഷയില്‍ ഓരോ ദിവസവും തള്ളി നീക്കുന്ന അമ്മയും എല്ലാ സമ്പാദ്യങ്ങളും മകള്‍ക്ക് വേണ്ടി കാത്തു വെച്ച് ജീവിക്കാന്‍ മറന്നു പോയ അച്ഛനും. എന്ത് പറയണമെന്നു എനിക്കറിയില്ലാരുന്നു. ഞാന്‍ വീട്ടിലെത്താന്‍ ഒരു 5 മിനിറ്റ് വൈകിയാല്‍ ഉമ്മ കാണിക്കുന്ന പരിഭ്രമം എനിക്കും അറിയുന്നതാണ്. യാത്രക്കിടയില്‍ റേഞ്ച് ഇല്ലാതെ വിളിച്ചിട്ട് കിട്ടാതെ വരുമ്പോ അസ്വസ്ത്മാവുന്ന എന്‍റെ പപ്പ. അത് പോലെ ഒരു അച്ഛനും അമ്മയും ..മനസ്സിലൊരു വിങ്ങല്‍ പോലെ.

എന്ത് പറയണമെന്നറിയാതെ ഞാന്‍ ഫേസ് ബുക്ക്‌ ലോഗ് ഓഫ്‌ ചെയ്തു ഫോണ്‍ എടുത്തു ബാഗില്‍ വെച്ചു. ഈ കേട്ടത് വെച്ച് ഫേസ് ബുക്ക്‌ സൗഹൃദങ്ങള്‍ ഞാന്‍ അവസാനിപ്പിക്കാന്‍ പോകുന്നില്ല എന്ന് എനിക്ക് നല്ല ബോധ്യം ഉണ്ട്. എങ്കിലും വെറുതെ ചെയ്തു. മറിച്ചൊന്നും ചെയ്യാനോ പറയാനോ എനിക്കില്ലായിരുന്നു. എത്രയും വേഗം എനിക്കിറങ്ങേണ്ട സ്റ്റേഷന്‍ എത്തിയാല്‍ മതിയെന്നൊരു ചിന്ത. 

ഭാഗ്യം എനിക്കിറങ്ങേണ്ട സ്റ്റേഷന്‍ എത്തി. റെയില്‍വേ സ്റ്റേഷന്‍ ലൂടെ ഞാന്‍ ഒറ്റക്ക് നടക്കുന്നത് ഒരച്ഛന്റെ വ്യാകുലതോയോടെ അദ്ദേഹം നോക്കുന്നത് ഞാന്‍ അറിയുന്നുണ്ടായിരുന്നു. പക്ഷെ തിരിഞ്ഞു നോക്കി എന്തെങ്കിലും പറയാനോ നോക്കാനോ ഉള്ള മനക്കട്ടി എനിക്കില്ലാതെ പോയി. മനസ്സിലൊരുപാട് വേദനകള്‍ ബാക്കിയാക്കി ഒരു മഴ പെയ്തൊഴിഞ്ഞു.