Pages

മറന്നു പോയൊരു മുഖം


                                               ഒരു നേര്‍ത്ത മഴയുടെ താളത്തിനൊപ്പമാണ് അവളെന്റെ ജീവിതത്തിലേക്ക് കടന്നു വന്നത്. ഒരുപാട് ചിരിക്കുകയും കുറച്ചു മാത്രം സംസാരിക്കുകയും  ചെയ്യുന്ന പ്രകൃതം.ആദ്യം അവള്‍ എനിക്കൊരു സുഹൃത്ത് മാത്രമായിരുന്നു . പിന്നീട് എന്തും തുറന്നു പറയാന്‍ പറ്റുന്നൊരു കൂട്ടുകാരിയും ഒരു  കൂടപ്പിറപ്പും . മനസ്സില്‍ എന്ത് സങ്കടം വന്നാലും ഞാന്‍ അവളുടെ മടിയില്‍ തല വെച്ച് കിടക്കും. ചിലപ്പോഴൊക്കെ അവള്‍ ഒരമ്മയുടെ കരുതലും ലാളനയോടും കൂടി എന്റെ മുടിയില്‍ തലോടും. മറ്റു ചിലപ്പോ എന്ത് കുരുത്തക്കേടും കാണിക്കാന്‍ മുന്നില്‍ നിന്നു നയിക്കും. കോളേജ് ജീവിതത്തില്‍ എനിക്ക് കിട്ടിയ ഏറ്റവും വിലപിടിച്ച സമ്പാദ്യം ആയിരുന്നു അവള്‍.

ഒരു ദിവസം ഞാനവളുടെ മടിയില്‍ കിടക്കുകയായിരുന്നു. അവള്‍ : 

"മൃണാള്‍ ഒരു ഗവേഷകയാണ്
പീറ്റര്‍ വാനെന്ന തത്വചിന്തകന്റെയും 
നളിനീദേവിയെന്ന ചിത്രകാരിയുടെയും 
സമ്മോഹന താളമായിത്തീര്‍ന്ന പാരിസ്ഥിതിക"

എനികായി അവകാശപ്പെടാന്‍ ഒരു സമ്മോഹന താളമില്ല
ഞാനെന്ന നദിക്ക് ഉറവിടമില്ല 

ഇടയ്ക്കൊക്കെ അവള്‍ ഇങ്ങനെയാണ്. ചില ബുജികളെ പോലെ കവിത എന്ന് തോന്നുന്ന എന്തൊക്കെയോ പറയും. കേള്‍വിക്കാരുടെ പ്രതികരണം ശ്രദ്ധിക്കാറില്ല. ഒരു ബന്ധവുമില്ലാത്ത കവിതകളും തത്വചിന്തകളും കൂട്ടിച്ചേര്‍ത്ത്  എന്തൊക്കെയോ പറയും. ഇടക്കൊക്കെ ഞാനവളെ കളിയാക്കും. ചിലപ്പോ തമാശ പോലെ ചെവി പൊത്തി ഇരിക്കും.

പക്ഷെ ഇത് പറയുമ്പോ അവളുടെ കണ്ണ് നിറയുന്നുണ്ടാരുന്നു. അത് കൊണ്ട് തന്നെ ഞാന്‍ കളിയാക്കിയില്ല. അവള്‍ ബാക്കി പറയാന്‍ വേണ്ടി ഞാന്‍ മിണ്ടാതെ എണീറ്റിരുന്നു .

"എന്റെ പപ്പയും അമ്മിയും എന്നെ ദത്തെടുത്തതാ. എവിടെ നിന്നെന്നൊന്നും അറിയില്ല. പക്ഷെ എനിക്കൊരു കുറവും വരുത്തിയിട്ടില്ല. ചേച്ചിയേം ആര്യേം കാണുന്ന പോലെ തന്നെയാ എന്നെയും. ഞങ്ങളുടെ ഇടയില്‍ ഒട്ടും വ്യത്യാസം കാണിച്ചിട്ടില്ല."

"പക്ഷെ ആ സ്നേഹവും കരുതലും ഒന്നും ബന്ധുക്കള്‍ കാണി ല്ലല്ലോ. അവരുടെ ഒക്കെ കണ്ണില്‍ പപ്പയും അമ്മിയും ചെയ്തത് എന്തോ വല്യ തെറ്റല്ലേ. കോളേജില്‍ തന്നെ ആരോടെങ്കിലും മനസ്സ് തുറന്നു മിണ്ടാന്‍ പേടിയാ. അനാഥയാണെന്ന് അറിഞ്ഞാല്‍ ചിലപ്പോ എല്ലാര്‍ക്കും ഒരു സിമ്പതി ആവും. നമ്മുടെ സമൂഹത്തില്‍ ഇപ്പോഴും ഇതൊക്കെ അംഗീകരിക്കാന്‍ മേജോറിറ്റിക്കും മടിയാണ്. "


കുറച്ച നേരത്തേക്ക് അവളൊന്നും മിണ്ടിയില്ല. അവളുടെ കണ്ണില്‍ ആരോടൊക്കെയോ ഉള്ള വെറുപ്പും ദേഷ്യവും സങ്കടവും ഒക്കെ നിറഞ്ഞു കണ്ണീരായി ഒഴുകുന്നുണ്ടായിരുന്നു.

"ചിലപ്പോ തോന്നും ഏതേലും ഓര്‍ഫനേജില്‍ തന്നെ വളര്‍ന്നാ മതിയാരുന്നെന്നു. പപ്പയും അമ്മിയും കരുതിയിട്ടുണ്ടാവില്ല ബന്ധുക്കള്‍ എന്നോട് ഇത്രയധികം വെറുപ്പ് കാണിക്കുമെന്നു. ഞാന്‍ നോക്കി നില്‍ക്കെ ചേച്ചിയേം ആര്യേം സ്നേഹിക്കുകയും എന്നെ ഒരു രണ്ടാം തരക്കാരിയെപ്പോലെ കാണുകയും കുത്ത് വാക്ക് പറയുകയും ചെയ്യുമ്പോ പിടിച്ച് നില്‍ക്കാന്‍ പറ്റില്ല. "

"പപ്പയു അമ്മിയും എന്നെ സ്നേഹിക്കുന്നുണ്ടല്ലോ അത് മാത്രം മതി എന്നൊക്കെ ചിലപ്പോ കരുതും. അങ്ങനെ സമാധാനിക്കാന്‍ അല്ലെ പറ്റു. പക്ഷെ എപ്പോഴുമുള്ള അവഗണന താങ്ങാന്‍ പറ്റുന്നില്ല. "


പിന്നെയും അവള്‍ക്ക് എന്തൊക്കെയോ പറയണമെന്നുണ്ടാരുന്നു .പക്ഷെ  അവളൊന്നും മിണ്ടിയില്ല. അവളെ സമാധാനിപ്പിക്കാനോ ആശ്വസിപ്പിക്കാനോ എനിക്കും വാക്കുകള്‍ ഇല്ലായിരുന്നു. അവളെ ഒന്ന് കെട്ടിപ്പിടിക്കുക മാത്രമേ ഞാന്‍ ചെയ്തൊള്ളൂ. അപ്പോഴും അവള്‍ കരഞ്ഞു കൊണ്ടിരുന്നു. ഒരുപാട് നാള് കൊണ്ട് മനസ്സില്‍ കൊണ്ട് നടന്ന ഭാരം മുഴുവന്‍ അവള്‍ കരഞ്ഞു തീര്‍ക്കട്ടെ എന്ന് ഞാനും കരുതി. കണ്ണീരില്‍ കുതിര്‍ന്നു ആ രാത്രി അങ്ങനെ തീര്‍ന്നു. പിന്നീടൊരിക്കലും ഞങ്ങള്‍ ഇതിനെ പറ്റി സംസാരിച്ചിട്ടില്ല. അവളെ വേദനിപ്പിക്കെണ്ടെന്നു കരുതി ഞാന്‍ ഒന്നും ചോദിച്ചിട്ടില്ല. 

ഹോസ്റ്റലില്‍ നിന്ന് മടങ്ങിയത്തില്‍ പിന്നെ വല്ലപ്പോഴും അയക്കുന്ന മെസ്സേജുകളില്‍ മാത്രം ഒതുങ്ങി ഞങ്ങളുടെ സൗഹൃദം. പഠിത്തം കഴിഞ്ഞു ജോലി, കല്യാണം അങ്ങനെ എന്റേതായ ജീവിതത്തിലേക്ക് ഞാന്‍ അലിഞ്ഞു ചേര്‍ന്നു. ഇതിനിടക്ക് വല്ലപ്പോഴും ഫേസ്ബുക്കില്‍ കൂടെ പഠിച്ച ആരെയെങ്കിലും കാണും ഒരു ഹായ് ബൈ അതില്‍ തീരും സംസാരവും. കൂടെ പഠിച്ച എല്ലാവരെയും ഓര്‍ക്കാന്‍ എവിടെ സമയം? പുതിയ ബന്ധങ്ങള്‍, പുതിയ കൂട്ടുകാര്‍ അങ്ങനെ മൊത്തത്തില്‍ പുതിയൊരു ജീവിതവും ഞാനും. ഈ ഗെറ്റ് ടുഗെതര്‍ ഒക്കെ ഫേസ്ബുക്കില്‍ ഫോട്ടോ ഇടാന്‍ വേണ്ടി മാത്രം നടത്തുന്നതല്ലേ. എന്നും ഓരോ പുത്തന്‍ പോസ്റ്റുകള്‍ വേണം, അതിനു വേണ്ടി ഒരു ഗെറ്റ് ടുഗെതര്‍. 

കഴിഞ്ഞ ആഴ്ച കൂട്ടുകാരില്‍ ഒരാള്‍ മെസ്സേജ് അയച്ചു അവള്‍ മരിച്ചെന്നു. എത്ര ലാഘവത്തോടെയാ അവനത് പറഞ്ഞത്.  അവന്‍ പിന്നെയും എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു, ഞാന്‍ ഒന്നും കേട്ടില്ല. എങ്ങനെയാണെന്നോ എപ്പോഴായിരുന്നു എന്നോ ഒന്നും തിരക്കാനും  തോന്നിയില്ല. അവസാനാമായി ഒന്ന് കാണാന്‍ കൂട്ടുകാര്‍ എല്ലാം പോകുന്നുണ്ടെന്ന് പിന്നീട് ആരോ വിളിച്ചു പറഞ്ഞു . ഞാന്‍ അതിനും ശ്രമിച്ചില്ല. 

ഇടക്കെപ്പോഴൊക്കെയോ അവളെ മറന്നെന്ന കുറ്റബോധം. പിന്നെ മനസ്സില്‍ അവളുടെ ഒരു മുഖമുണ്ട്. അവളുടെ ചിരിക്കൊപ്പം തിളങ്ങുന്ന കണ്ണുകളും , മുഖത്തേക്ക് വീഴുന്ന മുടി ചെവിക്ക് പുറകിലേക്ക് ഒതുക്കി വെച്ച് കൊണ്ടുള്ള ഒരു നോട്ടവും. പിന്നെ തുലാമഴ പാതാളം വരെ തണുപ്പിക്കുമാറു ഭൂമിയിലേക്ക് പെയ്തിറങ്ങുമ്പോള്‍ മാത്രം  അവള്‍ പാടി കേള്‍പ്പിക്കാറുള്ള  കവിതകളും. അത് മാത്രം മതി അവളെ എന്നും ഓര്‍ക്കാന്‍.  അവളോടൊപ്പം പങ്കിട്ട സൗഹൃദവുമുണ്ട് മനസ്സില്‍ സൂക്ഷിക്കാന്‍.

6 comments:

 1. ശോ വായിച്ചു കണ്ണ് നിറഞ്ഞു ..

  ഇത് വായിച്ചപ്പോ .. എന്റെ കൂട്ടുകാരി സ്നേഹിച്ച പയ്യന്‍ , അവനൊരു ദത്തു പുത്രനാരുന്നു .. അവന്റെ വീട്ടുകാര്‍ അവനെ ഇപ്പൊ രണ്ടാം തരക്കാരനായി കാണുന്നു, സ്വന്തം രക്തിതില്‍ വേറെ ഒരാള്‍ ഉണ്ടായതിന്റെ അവഗണന . ഇഷ്ടപ്പെട്ട പെണ്ണിനെ കെട്ടാന്‍ അനുവാദം ചോദിച്ച അവനിപ്പോ കെട്ടണ്ട എന്നും . ജോലി കിട്ടി കഴിഞ്ഞപ്പോള്‍ വളര്തിയതിന്റെ കാശ് വരെ ചോദിച്ചു തുടങ്ങി ..

  ഒരു ബന്ധു വീട്ടില്‍ നിന്നും കേട്ട അവഹേളന വാക്കുകള്‍ ("തെണ്ടി തിരിഞ്ഞു നടന്നവരെ ഒക്കെ വീട്ടില്‍ കയറ്റിയാല്‍ ") എന്ന് തുടങ്ങുന്ന വാക്കുകള്‍ .. കേട്ടപ്പോള്‍ സങ്കടം തോന്നി ..

  നമ്മുടെ സമൂഹം എന്ന് മാറും , സ്വന്തമെന്ന ചിന്തയില്‍ നിന്നും ?

  എന്തോ , മനസ്സില്‍ ഒരു കുഞ്ഞിനെ ദത്ത് എടുക്കണം എന്നാഗ്രഹിച്ച ഞാന്‍ പോലും , ആലോയ്ച്ച്‌ എന്റെ വീട്ടുകാര്‍ എങ്ങനെ ആവും ആ കുഞ്ഞിനോട് പെരുമാറുക എന്ന്.. :(

  ReplyDelete
 2. മനസു തൊട് എഴുതിയ പോെല......... കലകീ മുതെത......

  ReplyDelete